ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങളും വ്യാപകമായ വൈദ്യുതി തടസ്സങ്ങളും വിലയിരുത്തി
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ മരങ്ങൾ ഒടിഞ്ഞു വീണും മറ്റും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വൈദ്യുതി വിതരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ലഭ്യമായ കണക്കുകൾ പ്രകാരം 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അതുപോലെ, നിരവധി ഉപഭോക്താക്കൾക്ക് ദീർഘനേരം നീണ്ടു നിൽക്കുന്ന വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. പ്രധാനമായും മരങ്ങള്‍ കടപുഴകി വീണാണ് വന്‍ തോതില്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടുകയും, ലൈനുകളില്‍ വീണുകിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനും, അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റുന്നതിനുമായി ജില്ലാ കളക്റ്റര്‍മാര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമപ്രകാരം ഉചിതമായ നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടു.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ബഹു. എം എല്‍ എ മാരുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പ് വരുത്തുന്നതിനും, ഉചിതമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുവാനുമായി എല്ലാ എം എല്‍ എ മാര്‍ക്കും കത്തിലൂടെ അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.
വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെ എസ് ഇ ബിയിലെ വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ആരംഭിച്ച കണ്ട്രോള്‍ റൂമുകള്‍ കൂടുതല്‍ സജീവമാക്കാനും, ലഭിക്കുന്ന പരാതികള്‍ സമയ ബന്ധിതമായി പരിഹരിക്കുന്നെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.
സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും, അധികം സാധനങ്ങള്‍ ഉള്ള ഓഫീസുകളില്‍ നിന്നും മറ്റ് ഓഫീസുകളിലേക്ക് ആവശ്യകത അനുസരിച്ച് സാധനങ്ങള്‍ എത്തിക്കാനും നിർദ്ദേശം നല്കി. റിംഗ് മെയിന്‍ യൂണിറ്റ്, പോസ്റ്റ്, ട്രാൻസ്ഫോർമറുകൾ, വൈദ്യുതി കമ്പി, സോളാർ നെറ്റ് മീറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന ഇടങ്ങളിൽ വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി താത്കാലിക സംവിധാനം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്തുകളുടെ ഡിപ്പോസിറ്റ് വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ നിർദേശം നല്കി.
യോഗത്തിൽ, കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്റ്റർ ശ്രീ. മിർ മുഹമ്മദ് അലി IAS, കെ എസ് ഇ ബി സ്വതന്ത്ര ഡയറക്റ്റർ അഡ്വ. മുരുകദാസ് വി, വിതരണ വിഭാഗം ഡയറക്റ്റർ ശ്രീ.സജി പൗലോസ്, വിതരണ വിഭാഗം ചീഫ് എഞ്ചിനീയർമാർ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.
K. Krishnan kutty
Minister for Electricity